കൊച്ചി: ഫണ്ട് തിരിമറി നടത്തിയ കേസില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) മുന്‍ പ്രസിഡന്റ് ജാസ്മിന് ഷാ, ഭാര്യ, സഹ ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു.
ജാസ്മിന് ഷാ, ഭാര്യ എം.എ. ഷബാന, സംഘടനാ ഭാരവാഹികളായിരുന്ന ഷോബി ജോസഫ്, നിഥിന് മോഹന്‍, പി.ഡി. ജിത്തു, എ.കെ. സുജനപാല്‍, ബിബിന്‍ എം. പോള്‍, എം.വി. സുധീപ് എന്നിവരെ പ്രതിചേര്‍ത്താണു കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
അംഗത്വഫീസ് ഉള്‍പ്പെടെ സംഘടനയ്ക്കു ലഭിച്ച വരുമാനം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു ചെലവഴിച്ചെന്ന കേസിലാണു നടപടി. 2017-19 കാലയളവിലാണ് ഫണ്ടുകള്‍ തിരിമറി നടത്തിയത്. മിനിറ്റ്സ് തിരിമറി നടത്തുകയും ഫണ്ടില്‍നിന്നു തട്ടിയെടുത്ത പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വിനിയോഗിക്കുകയും ചെയ്തു.
അംഗങ്ങള്‍ നല്കിയ പരാതിയില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണു കള്ളപ്പണ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഇഡിയും കേസെടുത്തത്. വിചാരണനടപടികള്‍ വൈകാതെ ആരംഭിക്കുമെന്ന് ഇഡി അധികൃതര്‍ പറഞ്ഞു. ഇവരുടെ പേരിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി നേരത്തേ കണ്ടുകെട്ടിയിരുന്നു.